Brief History

കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (KSC) സംസ്ഥാന പ്രസിഡന്റ്, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.സി. സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 1996 ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1996-2001 കാലഘട്ടത്തില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു.
2006 മുതല്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാനായി വിവിധ സന്ദര്‍ഭങ്ങളില്‍ നിയമിതനായ മോന്‍സ് ജോസഫ് 2016 ലും ഈ സ്ഥാനത്ത് തുടരുകയാണ്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വിവിധങ്ങളായ സുപ്രധാന പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വ പ്രശ്നവും, പുതിയ ഡാം നിര്‍മ്മാണത്തിന്റെ ആവശ്യകതയും, പറമ്പിക്കുളം-ആളിയാര്‍ നദീജലകരാര്‍ പുതുക്കുന്നത്, പട്ടയം ലഭിക്കാത്ത പാവപ്പെട്ട കൃഷിക്കാരുടെ പ്രശ്ന പരിഹാരം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ ഔദ്യോഗിക തീര്‍പ്പും റിപ്പോര്‍ട്ട് സമര്‍പ്പണവും നിയമസഭയില്‍ നടത്താന്‍ കഴിഞ്ഞത് ശ്രദ്ധേയ നേട്ടങ്ങളാണ്.
നിയമസഭയുടെ പ്രവിലേജ് & എത്തിക്സ് കമ്മിറ്റിയിലും, അഷ്വറന്‍സ് കമ്മിറ്റിയിലും അംഗമായിരുന്നിട്ടുള്ള മോന്‍സ് ജോസഫ് സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാകമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ നേതൃത്വം നല്‍കിയ സംസ്ഥാന മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി 2007 ഒക്ടോബര്‍ 18ന് മന്ത്രി സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാര്‍ട്ടി നേതാവ് ശ്രീ. പി.ജെ. ജോസഫ് കുറ്റവിമുക്തനാകുന്ന കോടതി വിധി വന്ന് നിമിഷങ്ങള്‍ക്കകം രാജി സന്നദ്ധത പ്രഖ്യാപിക്കുകയും 2009 ആഗസ്റ്റ് 16 ന് മന്ത്രിസ്ഥാനത്തു നിന്ന് രാജി സമര്‍പ്പിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പുമന്ത്രി യെന്നനിലയില്‍ ചുരുങ്ങിയ സമയം കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു. തീര്‍ത്തും ശോച്യാവസ്ഥയിലായിരുന്ന കേരളത്തിലെ ഭൂരിപക്ഷം റോഡുകളും സഞ്ചാരയോഗ്യമാക്കിയതിലൂടെ ഏവരുടെയും പ്രശംസക്കും അഭിനന്ദനത്തിനും അര്‍ഹനായിത്തീര്‍ന്നു. പൊതുമരാമത്തു വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും, ഭരണനവീകരണത്തിനും വികസനത്തിനും അനിവാര്യമായ പുതിയ കര്‍മ്മപരിപാടികള്‍ ഏറ്റെടുക്കാനും ധീരമായി നേതൃത്വം കൊടുത്തു. വിദേശമാതൃകയില്‍ ഉന്നതനിലവാരത്തിലുള്ള റോഡുകള്‍ കേരളത്തില്‍ വ്യാപകമായി നടപ്പാക്കാന്‍ തുടങ്ങിയത് മോന്‍സ് ജോസഫിന്റെ കാലഘട്ടത്തിലാണ്. ഇത്തരത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് നാട്ടിലും വിദേശത്തുമുള്ള നിരവധി സംഘടനകള്‍ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് നല്‍കി അനുമോദിച്ചിട്ടുണ്ട്.
മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കരളത്തെ ഒന്നായി കണ്ടുകൊണ്ട് എല്ലാ പ്രദേശങ്ങളുടെയും പുരോഗതിക്കുവേണ്ടി ശ്രദ്ധകേന്ദ്രീകരിച്ചതോടൊപ്പം സ്വന്തം സ്ഥലമായ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ കാര്യങ്ങള്‍ മതൃകാപരമായി നടപ്പാക്കാനും കഴിയുകയുണ്ടായി.
പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേരളത്തെ ഒന്നായി കണ്ടുകൊണ്ട് എല്ലാ ജില്ലകളുടെയും പുരോഗതിക്കുവേണ്ടി പരിശ്രമിക്കുകയും തലസ്ഥാന നഗര വികസന പദ്ധതി അഭിമാനാര്‍ഹമായ നിലയില്‍ തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാക്കുകയുമുണ്ടായി. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വികസന രംഗത്തും ജനക്ഷേമ രംഗത്തും നാളിതുവരെ കാഴ്ചവച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ മണ്ഡലങ്ങളുടെ മുന്‍നിരയില്‍ കടുത്തുരുത്തിയെ എത്തിക്കാന്‍ മോന്‍സ് ജോസഫിന് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത രാഷ്ട്രീയത്തിനതീതമായി ഏവരും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അത്രയേറെ കാര്യങ്ങളാണ് കടുത്തുരുത്തി മണ്ഡലത്തില്‍ നടന്നിട്ടുള്ളത്. നിരവധിയായ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡ് വികസന പദ്ധതികള്‍, കെട്ടിട സമുച്ചയങ്ങള്‍, കുടിവെള്ള പദ്ധതികള്‍, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, കാര്‍ഷിക പുരോഗതിക്കുള്ള പദ്ധതികള്‍ എന്നിങ്ങനെ ഒട്ടനവധി വികസന സംരംഭങ്ങളാണ് മണ്ഡലത്തില്‍ യാഥാര്‍ത്ഥ്യമാക്കിയത്. നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പതിനൊന്ന് ഗ്രാമപഞ്ചായത്തുകളിലുമുള്ള പ്രാദേശിയ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്നുള്ളത് ഏറ്റവും ശ്രദ്ധേയമാണ്. ഈ ലക്ഷ്യത്തോടെ ആവിഷ്കരിച്ച വിഷന്‍ 2010, വിഷന്‍ 2015 പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തെ ലക്ഷ്യമാക്കി വിഷന്‍ 2020 കടുത്തുരുത്തി മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി മോന്‍സ് ജോസഫ് എം.എല്‍.എ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനു വേണ്ടി നിയമസഭയ്ക്കകത്തും പുറത്തും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയത്തക്കതാണ്. കടുത്തുരുത്തി മണ്ഡലത്തിന്റെ കാര്‍ഷിക പുരോഗതിക്കു വേണ്ടി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കാന്‍ എം.എല്‍.എ എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ട്. കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ വിവിധ ആവശ്യങ്ങളിലും മോന്‍സ് ജോസഫ് എം.എല്‍.എ യുടെ സജീവ സാന്നിദ്ധ്യം എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഏത് ആവശ്യങ്ങളിലും എല്ലാസമയത്തും ജനങ്ങള്‍ക്ക് തൊട്ടടുത്ത് ലഭ്യമാകുന്ന ജനപ്രതിനിധിയെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിക്കാന്‍ കഴിഞ്ഞതാണ് മോന്‍സ് ജോസഫ് ജനങ്ങള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടവനായി തീര്‍ന്നത്. വിശ്രമമില്ലാത്തതും ആത്മാര്‍ത്ഥത നിറഞ്ഞതുമായ പ്രവര്‍ത്തന ശൈലിയാണ് മോന്‍സ് ജോസഫിന്റെ മുഖമുദ്ര. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി കടന്നുവന്ന മോന്‍സ് ജോസഫ് കോട്ടയം ബസേലിയസ് കോളേജിന്റെ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ കോളേജ് യൂണിയനുകള്‍ക്കും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും മാതൃകയാകുന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായിരുന്നു. കേരള സര്‍വ്വകലാശാലയില്‍ എം.എ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കേരളാ പ്രൈവറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്‍സ് അസ്സോസ്സിയോഷന്‍ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ ശേഷം കേരളാ ഹൈക്കോടതിയല്‍ അഭിഭാഷകനായി എന്‍ട്രോള്‍ ചെയ്ത് പ്രാക്ടീസ് ആരംഭിക്കുകയും അധികം താമസിയാതെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്കും പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും വേണ്ടി KSC സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ 7 ദിവസം നടത്തിയ അനിശ്ചിതകാല നിരഹാര സത്യാഗ്രഹവും മുല്ലപ്പെരിയാര്‍ ഡാം പുതുക്കി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ചപ്പാത്തില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തില്‍ 5 ദിവസം പങ്കെടുത്തതും സമരപോരാട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ പാര്‍ലമെന്റെ് മാര്‍ച്ച് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സൗമ്യവും വിനയാന്വിതവുമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനമനസ്സുകലില്‍ സ്ഥാനം പിടിച്ച മോന്‍സ് ജോസഫ് ജനദ്രോഹ-ജനവിരുദ്ധ നിലപാടുകല്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ എന്നും മുന്നോട്ട് വന്നിട്ടുണ്ട്. അഴിമതി രഹിതമായും സത്യസന്ധമായും നാളിതുവരെ പൊതുപ്രവര്‍ത്തന രംഗത്ത് നിലകൊളളാന്‍ കഴിഞ്ഞിട്ടുള്ള ഇദ്ദേഹം കേരളത്തിന്റെ ഭാവി പുരോഗതിയിലും കടുത്തുരുത്തി മണ്ഡലത്തിന്റെ വളര്‍ച്ചയിലും വിലപ്പെട്ട സംഭാവനകള്‍ എപ്പോഴും നല്‍കാന്‍ കഴിയുന്ന ഊര്‍ജ്ജസ്വലനായ ജനപ്രതിനിധിയാണന്ന് രാഷ്ട്രീയ വൈരാഗ്യം ഇല്ലാത്ത എല്ലാ നല്ല മനുഷ്യരും ഒരുപോലെ അംഗീകരിക്കുന്ന സത്യമാണ്. കടുത്തുരുത്തി വില്ലേജില്‍ ആപ്പാ‍‍ഞ്ചിറ നരിമറ്റത്ത് പരേതനായ ഒ. ജോസഫിന്റെയും, മറിയമ്മയുടെയും മൂത്ത പുത്രനാണ് ശ്രീ. മോന്‍സ് ജോസഫ്. ഭാര്യ സോണിയ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപികയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരീനാ മോന്‍സ് മകളാണ്. അന്തരിച്ച ഇമ്മാനുവല്‍ മോന്‍സിന്റെ മകനായിരുന്നു. കോട്ടയം മാഞ്ഞൂര്‍ മോഹന്‍കുമാര്‍ 1-3-2016 കേരളാ കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കോട്ടയം