വടക്കംകൂര്‍ രാജ്യവും കടുത്തുരുത്തി എന്ന തലസ്ഥാന നഗരിയും

സമ്പൂര്‍ണമായ ഒരു കേരള ചരിത്രത്തിന്‍റെ അഭാവം നമ്മുടെ സാംസ്കാരിക ജീവിതത്തിന്‍റെ പ്രകാശപൂര്‍ണ്ണമായ ഒരു ഭൂതകാലത്തെയാകെ ഇന്നും അന്തകാരത്തില്‍ ഒളിപ്പിച്ചിരുക്കുകയാണ്.1200 വര്‍ഷം മുമ്പ് മുതല്‍ക്കി ങ്ങോട്ട്‌ ഉപലബ്ദമായ ക്ഷേത്ര രേഖകളില്‍ നിന്നാണ് കേരള ചരിത്രത്തിന്‍റെ ഒരു വിദൂര ചിത്രം നമ്മുടെ മുമ്പില്‍ അനാവൃതമാക്കുന്നത്.അക്കാലത്തെ വരേണ്യ വര്‍ഗ്ഗ ജീവിതത്തിന്‍റെ ചില ഭാവങ്ങള്‍ പുന:സൃഷിടിക്കാന്‍ ഈ രേഖകള്‍ സഹായകമാണ് .എന്നാല്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത രീതികളെക്കുറിച്ച് വളരെ കുറച്ച് സൂചനകളെ ഈ ക്ഷേത്ര രേഖകള്‍ നമുക്ക് നല്‍കുന്നുള്ളൂ .ക്ഷേത്ര കേന്ദ്രിതമായ ഒരു സവര്‍ണ്ണ സമൂഹത്തിന്‍റെ സാമ്പത്തിക നിലയും ഭൂമിയില്‍ അവര്‍ക്ക് ലഭിച്ച ആധിപത്യ അവകാശങ്ങളും ഈ ദാനരേഖകളില്‍ നിന്ന് ഏതാണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.കൂടാതെ ക്ഷേത്ര കേന്ദ്രിതമായി വളര്‍ന്നു വന്ന ശില്പ ദൃശ്യ ലളിത കലകളെപ്പറ്റിയും ആദ്യകാല ദൃശ്യവേദി (തീയേറ്റര്‍)കളെപ്പറ്റിയും ഈ രേഖകളില്‍ സൂചനകളുണ്ട്.എന്നാല്‍ ഈ ക്ഷേത്ര രേഖകള്‍ പൂര്‍ണ്ണമായി ശേഖരിക്കാനോ സമഗ്ര പഠനത്തിന് വിധേയമാക്കാനോ കഴിയാതെ ഇന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

കേരളത്തില്‍ ഒരു കാലത്ത് നില നിന്ന ഒരു കേന്ദ്രീകൃത ഭരണരൂപത്തെ പെരുമാള്‍ വാഴ്ചയെപ്പറ്റി പഠിക്കാനുള്ള ഒരു ശ്രമം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം പാദം മുതല്‍ക്കേ ആരംഭിക്കുന്നുണ്ട്. 1899-ല്‍ തുടക്കമിട്ട തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് ക്ഷേത്ര മതില്‍ക്കെട്ടിലെ ശിലാപാളികളില്‍ രേഖപ്പെട്ടു കിടന്ന വട്ടെഴുത്ത് ലിഖിതങ്ങള്‍ കണ്ടെത്തി പകര്‍പ്പുകള്‍ എടുത്തു പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയാണ് അപൂര്‍വ്വമായെങ്കിലുമുള്ള നമ്മുടെ ചരിത്ര രേഖകള്‍ പ്രകാശം കണ്ടു തുടങ്ങിയത്.അതിനു അല്പം മുമ്പ് മഹാരാജാ കലാലയത്തിലെ ഫിലോസഫി പ്രൊഫസര്‍ മനോന്‍മണിയം സുന്ദരന്‍പിള്ള ഏതാനും ചില വേണാട്ടു രേഖകള്‍ കണ്ടെത്തി പ്രകാശിപ്പിക്കുകയും വേണാട്ടു നാടു വാഴികളില്‍ ചിലരെപ്പറ്റി ഒരു ലഘു ഗ്രന്ഥം 1909-ല്‍ പ്രകാശിപ്പിക്കുകയുണ്ടായി എന്ന വസ്തുത മറക്കാവുന്നതല്ല.1910-ലാണ് ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരിസിന്‍റെ ആദ്യ ലക്കം പുറത്തു വന്നത്.

ചരിത്രം അറിയുവാന്‍ ക്ഷേത്രങ്ങളിലേക്ക് കടന്നു ചെല്ലണമെന്ന് പഠിതാക്കളെ ആദ്യമായി ആഹ്വാനം ചെയ്തത് സാമുവല്‍ മേറ്റിയര്‍ എന്ന വിദേശ പാതിരിയാണ്. “ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ഇനിയും പഠന വിധേയമാക്കാത്ത തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലേക്ക് കടന്നു ചെന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ലിഖിതങ്ങള്‍ പരിശോധിക്കുകയും ഈ രാജ്യത്തിന്‍റെ അസാധാരണമായ നിയമങ്ങളുടെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശാവുന്ന രേഖകളും ആചാരങ്ങളും ഗവേഷണ വിധേയമാക്കുകയും ചെയ്യേണ്ടാതായിട്ടാണിരിക്കുന്നത്”.