2008 –ഒക്ടോബര്‍ 15 വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമകരണ പ്രഖ്യാപന ചടങ്ങില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനില്‍ പങ്കെടുത്തു

വത്തിക്കാന്‍ സിറ്റി: ഭാരതത്തില്‍ നിന്നും ആദ്യമായി വിശുദ്ധ പദ്ധവിയിലേക്ക് ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ ഭാരത സര്‍ക്കാരിനെയും കേരളത്തെയും പ്രതിനിധീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്‌ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു .

കേന്ദ്ര മന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കിയ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തില്‍ കേരള മന്ത്രി മോന്‍സ് ജോസഫ്‌, മുന്‍ മന്ത്രിമാരായ കെ.എം മാണി എം എല്‍ എ, പ്രൊഫ.കെ.വി തോമസ്‌ എം പി,മുന്‍ ഗവര്‍ണര്‍ എം എം ജേക്കബ്‌ ,പി.സി തോമസ്‌ എം.പി. എം എല്‍ എ മാരായ പി സി ജോര്‍ജ്, കെ.സി ജോസഫ്‌, മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ. സിറിയക് തോമസ്‌,ഡോ.ജാന്‍സി ജെയിംസ്,മാണി സി കാപ്പന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു .മന്ത്രിമാരോടൊപ്പം സഹധര്‍മ്മിണി ശ്രീമതി ബ്ളൂസം ഓസ്ക്കാര്‍, സോണിയ മോന്‍സ് എന്നിവരും വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

നാല് ദിവസം വത്തിക്കാനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം റോമിലെ എല്ലാ ചരിത്ര സ്മാരകങ്ങളും വിശുദ്ധരുടെ സ്മരണ ഉണര്‍ത്തുന്ന വിവിധ ദേവാലയങ്ങളും സന്ദര്‍ശിച്ചു.

മന്ത്രിമാരായ ഓസ്ക്കാര്‍ ഫെര്‍ണാസും മോന്‍സ് ജോസഫും മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.

വത്തിക്കാന്‍ സിറ്റി: വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമകരണ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്,കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.മോന്‍സ് ജോസഫ്‌ എന്നിവര്‍ക്ക് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ലഭിച്ചു.റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വച്ചാണ് ഇരുവരും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയെ നേരിട്ട് കണ്ട് സംസാരിച്ചത് .മന്ത്രിമാരുടെ ഭാര്യമാരായ ബ്ളൂസം ഓസ്ക്കാര്‍ ,സോണിയ മോന്‍സ് എന്നിവര്‍ക്കും സന്ദര്‍ശന അനുമതി ലഭിച്ചു. വിവിധ രാജ്യങ്ങളുടെ ഏതാനും പ്രതിനിധികളുമായി മാര്‍പ്പാപ്പ ആശയവിനിമയം നടത്തി .

മന്ത്രി മോന്‍സ് ജോസഫ്‌ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ സ്വന്തം നാട്ടില്‍ നിന്നുള്ള പ്രതിനിധിയാണെന്ന് കേന്ദ്ര മന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് പരിചയപ്പെടുത്തിയത് മാര്‍പ്പാപ്പയില്‍ കൗതുകമുണര്‍ത്തി.ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ അല്‍ഫോന്‍സാമ്മ വിശുദ്ധ പദ്ധവിയിലെക്ക് ഉയര്‍ത്തപ്പെടുന്നത് ഭക്തി നിര്‍ഭരവും ആഹ്ലാദ നിര്‍ഭരവുമായി സമസ്ത ജനവിഭാഗങ്ങളും കൊണ്ടാടുകയാണെന്ന് മോന്‍സ് ജോസഫ്‌ മാര്‍പ്പാപ്പയെ ധരിപ്പിച്ചു.

വിശുദ്ധ നാമകരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഭാരതത്തില്‍ നിന്നുണ്ടായ വലിയ ജന പങ്കാളിത്തം മാര്‍പ്പാപ്പ പ്രത്യേകം എടുത്തു പറഞ്ഞു .ഭാരത സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി സംഘത്തെ അയക്കാന്‍ തയ്യാറായാതിനും ചടങ്ങുകള്‍ക്ക് വലിയ പ്രാധാന്യം കല്പ്പിച്ചതിനും മാര്‍പ്പാപ്പ പ്രത്യേകം അഭിനന്ദനം പ്രകടിപ്പിച്ചു.

“ഇന്ത്യ നല്ല രാജ്യമാണ് .ഇന്ത്യയിലെ ജനങ്ങളും നല്ലവരാണ് സ്നേഹവും സഹവര്‍ത്തിത്വവുമുള്ള മഹത്തായ ഈ പൈതൃകം കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന നിലയില്‍ എന്നും രാജ്യത്തിനു മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന്‍ മാര്‍പ്പാപ്പ ആശംസിച്ചു”.

ഇന്‍ഡ്യന്‍ പ്രതിനിധി സംഘം കൊണ്ട് വന്നിട്ടുള്ള വിവിധ സ്നേഹോപകാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ബന്ധപ്പെട്ട വത്തിക്കാന്‍ കാര്യാലയ പ്രതിനിധികളെ മാര്‍പ്പാപ്പ ചുമതലപ്പെടുത്തി.

മന്ത്രിമാരായ ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്,മോന്‍സ് ജോസഫ്‌ ഇവരുടെ സഹധര്‍ മ്മിണിമാരായ ബ്ലോസണ്‍ ഫെര്‍ണാണ്ടസ്,സോണിയ മോന്‍സ് എന്നിവരുടെ തലയില്‍ കൈ വച്ച് മാര്‍പ്പാപ്പ അനുഗ്രഹിച്ചു.തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി മാര്‍പ്പാപ്പ ആശിര്‍വാദവും നല്‍കി.