കോവിഡ് – 19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ സഹകരിക്കണം: മോൻസ് ജോസഫ് എം എൽ എ കടുത്തുരുത്തി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിൽ കാര്യക്ഷമമാക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ കർശനമായി നടപ്പാക്കാൻ എല്ലാവരും കൂടുതൽ ജാഗ്രതയോടെ സഹകരിക്കണമെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു. കടുത്തുരുത്തി എംഎൽഎ ഓഫീസിന് മുന്നിൽ ഏർപ്പെടുത്തിയ ‘ബ്രേക്ക് ദ ചെയിൻ’ കോവിഡ് 19 പ്രതിരോധ കർമ്മ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംഎൽഎ. എംഎൽഎ ഓഫീസിൽ എത്തുന്നവർക്കും മറ്റു പൊതുജനങ്ങൾക്കും കൈ കഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും സാനിട്ടൈസറും സോപ്പും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് – 19 രോഗവ്യാപനം വിവിധ ലോകരാജ്യങ്ങളിലുണ്ടായതിന്റെ ഗൗരവവും വ്യാപ്തിയും ഇന്ത്യൻ ജനത ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ ലഭിക്കുന്ന ശാന്തിയും സമാധാനവും എന്നന്നേക്കുമായി നഷ്ടമാകുമെന്നുള്ള അതീവ ഗുരുതര സ്ഥിതി വിശേഷമാണ് സംജാതമാകാൻ സാധ്യതയുള്ളതെന്ന് മോൻസ് ജോസഫ് എം എൽ എ ചൂണ്ടിക്കാട്ടി. അതു കൊണ്ട് തന്നെ ഏറ്റവും രൂക്ഷമായ മൂന്നാംഘട്ട വ്യാപനം ‘കമ്മ്യൂണിറ്റി സ്പ്രെഡിംഗ് ‘ ഫലപ്രദമായി തടയാൻ കഴിയേണ്ടത് ഏറ്റവും അനിവാര്യമാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരം മാർച്ച് 31വരെ മുഴുവൻ ജനങ്ങളും ഒഴിവാക്കാൻ കഴിയുന്ന വിവിധ കാര്യങ്ങൾ ഉപേക്ഷിച്ച് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് സ്വയം പ്രേരിത ജാഗ്രതക്ക് വിധേയരാകണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു. മാർച്ച് 22ന് ഞായറാഴ്ച പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്ന ‘ജനത കർഫ്യു’ വിജയിപ്പിക്കുന്നതിനും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കും.