കടുത്തുരുത്തി എം എൽ എ അഡ്വ മോൻസ് ജോസഫിന്റെ പ്രത്യേക കുറിപ്പ് : മാർച്ച് 22 ഞായറാഴ്ച രാവിലെ മുതൽ രാത്രി വരെ വീട്ടിൽ തന്നെ ചെലവഴിച്ചപ്പോൾ സന്ദർശകർ സ്വയം ഒഴിവായത് കോവിഡ് വൈറസിന്റെ പ്രശ്നം ഗൗരവ്വമായി ഉൾക്കൊണ്ടതിന്റെ തെളിവാണ്. എല്ലാ ഞായറാഴ്ചയും മുടക്കമില്ലാതെ വീട്ടിൽ കാണുന്ന സ്ഥിരം പതിവായതിനാൽ പ്രത്യേകിച്ച് അന്വേഷണം ഇല്ലാതെ നൂറ് കണക്കിന് ആളുകൾ രാവിലെ വീട്ടിൽ വരുന്നതാണ് പൊതു പതിവ്. ഏത് സമയത്തായാലും വീട്ടിൽ വരുന്നവരെ സ്വീകരിച്ച് സംസാരിക്കുന്ന ചരിത്രം മാത്രമാണ് നമ്മുക്കെല്ലാം സ്വന്തമായിട്ടുള്ളത്. ഇതെല്ലാം കാലങ്ങളായി അടുത്ത് അറിയുന്ന കടുത്തുരുത്തി നിയോജക മണ്ഡലത്തിലെയും സമീപ സ്ഥലങ്ങളിലെയും ജനങ്ങൾ സ്വന്തം വീടുകളിൽ തന്നെ ഇരുന്നതിന്റെ തെളിവായിട്ടാണ് MLA വീട്ടിലെ സന്ദർശനവും നേരിട്ട് നിവേദനം കൈമാറലും ഒഴിവാക്കിയതെന്ന് വ്യക്തമാണ്. ഈ സാഹചര്യം ഉണ്ടാകുന്നത് കൊണ്ട് ഫോണിലൂടെ ആവശ്യങ്ങൾ അറിയിക്കാനുള്ള സൗകര്യം എല്ലാവർക്കും പ്രയോജനപ്പെടുത്താമല്ലോയെന്ന കാര്യം ഞാൻ നേരത്തെ മാധ്യമ ചർച്ചയിൽ ഓർമ്മിപ്പിക്കുകയുണ്ടായി നൂറ് കണക്കിന് ആളുകൾ ഇത് പ്രയോജനപ്പെടുത്താൻ ഇന്ന് തയ്യാറായി. മെഡിക്കൽ കോളേജ്, കാരിത്താസ്, ലേക്ക്ഷോർ തുടങ്ങിയ ആശുപത്രികളിലെ വിവിധ ആവശ്യങ്ങൾ ജനങ്ങൾ ആഗ്രഹിച്ചതു പോലെ ഇന്ന് ഇടപെട്ട് ചെയ്തു കൊടുക്കാൻ കഴിഞ്ഞു. വികസന കാര്യങ്ങൾ മാർച്ച് 31ന് ശേഷം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പുകൊടുത്ത് സംസാരിച്ചു. പോലീസ് സ്‌റ്റേഷനിൽ സഹായം വേണ്ടവർ, വിദേശത്ത് കുടുങ്ങിയിരിക്കുന്നവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങൾ ഫോണിലൂടെ സംസാരിക്കുകയും പിന്നീട് തിരിച്ച് വിളിച്ച് മറുപടി കൊടുക്കുകയും ചെയ്തതിലൂടെ നേരിൽ കണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്താൻ കഴിയുന്ന സാഹചര്യം നിരവധി പേർക്ക് സന്തോഷവും ആശ്വാസവുമായി തീർന്നത് സംതൃപ്തിയോടെ അനുസ്മരിക്കുന്നു. നമ്മുടെ ഓർമ്മയിൽ ആദ്യമായി കടന്നു വന്ന ഇന്നത്തെ ഞായറാഴ്ചയും വിശ്രമമില്ലാതെ മുഴുവൻ സമയവും ജോലി ചെയ്തതിന്റെ സന്തോഷമാണ് വ്യക്തിപരമായി ഉള്ളതെന്ന് അറിയിക്കുന്നു ഭാര്യ സോണിയായും മകൾ മരീനായും രാവിലെ മുതൽ വീടും പരിസരവും പുരയിടവുമെല്ലാം വൃത്തിയാക്കുന്നതിന്റെ നല്ല തിരക്കിലായിരുന്നു. പച്ചക്കറിയുടെയും പഴവർഗ്ഗങ്ങളുടെയും പരിപാലന കാര്യങ്ങൾ പരിശോധിക്കാനും അവർ നല്ലതുപോലെ സമയം കണ്ടെത്തി. അവർക്ക് പിന്തുണയുമായി സഹകരിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. ( ഇന്നത്തെ ദിവസത്തെക്കുറിച്ച് മാധ്യമങ്ങളും നിരവധി പേരും തിരക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് ) MONS JOSEPH MLA